#malayalamkavitha

114 posts
 • ssa_writes 2d

  തലയ്ക്കുമീതെ പൊന്തിനിന്നൊരു കുട.
  കുടയുടെ കുപ്പായത്തിന് പഴക്കമേറെയില്ലെങ്കിലും അങ്ങുമിങ്ങുമുള്ള ദ്വാരങ്ങളിലൂടെ ഒളിക്കണ്ണിട്ട് നോക്കുന്ന സൂര്യൻ.
  കുടയുടെ മുകളിലായി പെറ്റുപെരുകുന്ന അനേകായിരം ചുവപ്പ് തുള്ളികൾ.
  തുള്ളികളുടെ ഭാരം സഹിക്കവയ്യാതാകുമ്പോൾ കുടശീലിന്റെ വിടവുകളിലൂടെ സ്വയം രക്തം ഇറ്റുവീഴ്ത്തി മരിച്ചുവീഴുന്ന ചുവന്ന തുള്ളികൾ.
  ഓരോതവണയും അടർന്നുവീണ തുള്ളികൾ വാർന്നൊലിച്ചതിനുമേൽ ഇന്ന് ഞാൻ എന്നെ സ്വയം അർപ്പിച്ചിടാം,
  നാളെ എന്റെ മരണത്തിനുമേൽ പെയ്തിറങ്ങുവാൻ നീ പാറിയെത്തിടുമെന്ന പ്രതീക്ഷയിൽ...
  ©ssa_writes

 • ssa_writes 4w

  ഓർമ്മകൾ ചീവിടുകളാണ് ,
  ഏകാന്തതയിൽ കൂട്ടിരിയ്ക്കുകയും
  ചിലപ്പോൾ ഭീതിപടർത്തുകയും ചെയ്യുന്നവ.

  ©ssa_writes

 • ssa_writes 5w

  നിന്നിൽ ചുവപ്പ് പടർന്ന വൈകുന്നേരങ്ങളിൽ എന്നിലേക്ക്‌ വാരിവിതറിയ ഇരുണ്ട ബലിപുഷ്പങ്ങളെ,
  ഞാൻ എന്ത്‌ പേരുചൊല്ലി വിളിക്കണം ?
  പിരിയാൻ വിസമ്മതിച്ച നിന്റെ പ്രണയത്തിന്റെ പരിഭവമെന്നോ?
  അതോ...
  അകലാൻ അനുവദിക്കാത്ത നിന്നിലെ അധികാരിയുടെ കലഹമെന്നോ?

  ©ssa_writes

 • ssa_writes 6w

  കണ്ണുകൾ അടയ്ക്കുവാൻ ഭയമാകുന്നു...
  കൺപോളകൾക്കിടയിൽപ്പെട്ട്
  നീ ഇല്ലാതാകുമോയെന്ന ഭയമാണ്.
  ശരം പോലെ കണ്ണുകളിൽ മിന്നിമറയുന്ന
  നിൻ മുഖം
  ശ്വാസംമുട്ടി മരിക്കാതിരിക്കുവാൻ
  ഉറങ്ങുവാൻ പോലും ഞാൻ ഭയപ്പെടുന്നു...
  കണ്ണുകളോട് കണ്ണുകളാൽ നീ പറഞ്ഞ കഥകളൊക്കെയും എന്നിൽനിന്ന് ചോർന്നൊലിച്ചു പോകുന്നതോ
  ഈ ചാലുകളിലൂടെ...
  നിന്റെ നിശ്വാസങ്ങളിൽ പോലും തുടിച്ചിരുന്നയെൻ വലങ്കണ്ണുകളിലിന്ന് ബാക്കിയായത്
  നിന്റെ വേരുകൾ പടർത്തിയ ചുവന്ന ശിഖരങ്ങൾ മാത്രമാണ്.
  നാം നടന്നുതീർത്ത വഴികളിലിന്നും നീ എനിക്കായി കാത്തിരിക്കുന്നത്
  ഓർക്കുമ്പോൾ,
  എന്റെ ഉള്ളിലിന്നും ഭയമാണ്.

  ©ssa_writes

 • ssa_writes 8w

  നിന്നെ ഇവിടെ കുഴിച്ചുമൂടുകയാണ്...
  നിനക്കായൊരു കുഴി ഞാനൊരുക്കിടട്ടെ... കായ്ക്കാഞ്ഞതിന്റെ പേരിൽ ശകാരങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന തെക്കേമാവിൻ ചുവട്ടിലല്ലാതെ വേറെ എവിടെയാണ് നിനക്ക് നീയായി തുടരുവാൻ സാധിക്കുക!
  അവളുടെ വേരുകൾക്കടിയിൽ നീ നിന്റെ വേരുകളുറപ്പിക്കണം...
  മണ്ണുകൊണ്ട് നിന്നെ അവളിലേക്ക് വിളക്കിചേർത്തീടണം...
  പിന്നീട് ഒരിക്കൽ
  അങ്ങ് തെക്കേമാവിന്റെ ചുവട്ടിലെ തണലിൽ ശാപവാക്കുകൾ ഉയരുമ്പോൾ,
  ഇങ്ങേ കൊമ്പിൽ കൂടുകൂട്ടിയ കുഞ്ഞിക്കിളിയെങ്കിലും അപ്പോൾ നിനക്കുവേണ്ടി ചിലയ്ക്കുമായിരിക്കും.

  ©ssa_writes

 • ssa_writes 8w

  എന്റെ മനസ്സിന്റെ തടവറയിലെ
  ബന്ധിയാണോ സഖാവേ നീ.
  എത്രയൊക്കെ മനസ്സിനെ മുട്ടിവിളിച്ചുകൊണ്ട് നിന്നെ മോചിപ്പിക്കാൻ ശ്രമിച്ചിട്ടും,
  എന്തേ നീയെൻ വിരൽത്തുമ്പിലേറി
  ഞാൻ നിനക്കായി കരുതിവെച്ച
  രക്തഹാരത്തിന്റെ ചുവപ്പിൽ
  എന്നോടൊപ്പം അലിഞ്ഞുചേർന്നു
  രക്തസാക്ഷിയാകുവാൻ മടിക്കുന്നത്.

  ©ssa_writes

 • ssa_writes 10w

  രക്ഷകനും ശിക്ഷകനും ഒന്നിച്ച് വന്നു,
  കൈകളുയർത്തി ശിക്ഷ വിധിച്ചു.
  രക്ഷകൻ ശിക്ഷകനെ കണ്ടുമുട്ടിയ നേരം,
  ഉടഞ്ഞുവീണത് ആരുടേയോ വിശ്വാസഗോപുരം.
  അഴിഞ്ഞുവീണ മുഖംമൂടികൾ
  ഇനിയെങ്കിലും വായതുറക്കട്ടെ...
  മരവിച്ച കാതുകളിൽ അവസാനമായി
  ഒരു കഥ കൂടി മൂളിടട്ടെ...
  കഥയുടെ ഒടുവിലായ് പിറന്നുവീണ ചോദ്യങ്ങളിൽ ഭയം മണക്കുമ്പോൾ,
  അവർ കഥകളും വാരിക്കൂട്ടി
  സ്വയം അകന്നുമാറിടട്ടെ...
  ജീവിക്കാൻ ജീവിതം ബാക്കിയെങ്കിൽ പോലും,
  മരിക്കാതിരിക്കുവാൻ കാരണങ്ങളും ഇല്ല.

  ©ssa_writes

 • ssa_writes 12w

  അടർന്ന് വീഴാൻ വിസമ്മതിച്ച് കൺപീലികളോട് അടക്കംപറഞ്ഞ കണ്ണുനീർ തുള്ളിപോൽ എന്റെ ഹൃദയത്തിൻ അറകളിൽ തങ്ങിനിൽക്കുന്ന നിന്റെ രൂപവും ഒരു നേരത്തിനപ്പുറം എന്റെ കണ്ണിലെ പടർന്ന കണ്മഷിയോട് പോലും യാത്ര പറയാൻ നിൽക്കാതെ പൊഴിഞ്ഞു അകലെ മറയുമായിരിക്കും.

  ©ssa_writes

 • ssa_writes 13w

  വിഗ്രഹങ്ങൾ ഉടഞ്ഞുവീണു,
  വിശ്വാസങ്ങൾ പിടഞ്ഞുമരിച്ചു.
  ബാക്കിയായ മനുഷ്യരിൽ ചിലരെയൊക്കെ
  വിഭ്രമത്തിൽ മൗനം വിഴുങ്ങി.
  നോക്കിനിൽക്കുക മാത്രമേ സാധിക്കൂ,
  ഇനി വിഗ്രഹങ്ങളിലേക്കൊരു മടങ്ങിപ്പോക്കുണ്ടാവില്ല.
  ബാക്കിയുള്ള അവശിഷ്ടങ്ങളിൽ പോലും ഒരുവന്റെ വിശ്വാസത്തിന്റെ മരണത്തെ കാണുന്നു.

  സ്നേഹവും കരുതലും ചേർത്തവർ മുളപ്പിച്ചു, പിന്നീട് സ്നേഹക്കുരുക്കിൽ അവരെ ബന്ധിയാക്കി തളച്ചിട്ടു.
  അടർന്നുമാറുവാൻ നോക്കുമ്പോഴൊക്കെയും കെണിയിലായത് കടങ്ങളുടെ ഭാരത്താൽ.
  അവരുടെ ലോകത്തിന് ആ വിഗ്രഹത്തിന്റെ നിറമായിരുന്നു.
  വെയിലും മഴയും മാറി മാറി വന്നെങ്കിലും വിഗ്രഹത്തിൻ നിറമൊട്ടും കുറഞ്ഞില്ല.

  അവരിലെപ്പോഴോ സംശയങ്ങൾ മുളയിട്ടു,
  അവർ പരസ്പരം ചോദ്യങ്ങൾ കൈമാറി,
  പിന്നീട് വെയിലും മഴയും മാറിവന്നപ്പോൾ അവർ കണ്ടത് പഴയ വിഗ്രഹമായിരുന്നില്ല.
  അകലെ ആകാശത്ത് നേരിയ മഴവില്ല് കണ്ടവർ, വിഗ്രഹത്തിലേക്ക് കല്ലുകൾ വൃഷ്ടിച്ചു.
  തകർത്തെറിഞ്ഞു ചുട്ടെരിച്ചു അവർ തണലുപോൽ ഭ്രമിപ്പിച്ച ആ വിഗ്രഹത്തെ.

  വിഗ്രഹങ്ങൾ ഉടഞ്ഞുവീണതല്ല,
  വിഗ്രഹങ്ങൾ ഉടച്ചുവീഴ്ത്തിയതാണ്.
  വിശ്വാസത്തിന്റെ മറയണിഞ്ഞ അവിശ്വാസങ്ങളെ സ്വയം പിടഞ്ഞുമരിക്കുവാൻ അനുവദിച്ചതാണ്.

  ©ssa_writes

 • ssa_writes 13w

  പകൽ കൊളുത്തിയ വിളക്കിന്റെ ആരക്കാലുകളുടെ പ്രഹരമേറ്റ് ഞാൻ ഉണർന്നപ്പോൾ,
  വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയല്ലാതെ മറ്റൊന്നുമെന്നിൽ അവശേഷിച്ചിരുന്നില്ല.
  നിന്റെ ഓർമ്മകളിലേക്കെത്തിപ്പെടാനുള്ള മേൽവിലാസം എനിക്ക് നഷ്ടപ്പെട്ടുപോയി.
  രാവുകൾതോറും മനസ്സിന്റെ "തെക്കിനിയിൽ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപ്പോലെ സഞ്ചരിച്ച്" നിന്റെ മരണമടഞ്ഞ ഓർമ്മകളുടെ അസ്ഥികളെങ്കിലും സ്വന്തമാക്കണം എനിക്ക് .

  ©ssa_writes

 • ssa_writes 14w

  നഷ്ടപ്പെട്ട എന്നെ ഞാനിന്ന് കണ്ടുമുട്ടി.
  ആ വാക്കുകളുടെ ചൂടിൽ
  എന്റെ ഇന്നുകളെ ചുട്ടെരിക്കണം.
  ഇന്നലെകളിലേക്ക് തിരികെ നടന്നുകൊണ്ട്
  പാതിവഴിയിൽ ഉപേക്ഷിച്ച പലതും
  എനിക്ക് തിരികെ നേടണം .
  ആ വാക്കുകൾ എന്റെ കാതിൽ തേങ്ങലുകളാകുന്നു,
  സ്വയം എന്നോട് മാപ്പിരക്കുന്നത് പോലെ.
  ആ വായുടെ പ്രായം ചെറുതെങ്കിൽ കൂടിയും
  ആ വാക്കുകൾ എനിക്കുള്ള ഓർമപ്പെടുത്തലാണ്.

  ©ssa_writes

 • ssa_writes 14w

  പൂവിനോടാണോ നീ പ്രണയം പറഞ്ഞത്?
  കാറ്റ് അറിയാതെ അവളുടെ ചെവിയിൽ പറഞ്ഞുവോ?
  നീയല്ലേ അവളെ പ്രണയത്തിൻ അടയാളമാക്കിയത്...
  നീയല്ലേ പൂവിന് പ്രണയം കൊടുത്തത്...
  ...
  രഹസ്യത്തിൻ ഭാരമോ പ്രണയത്തിൻ നാണമോ കാറ്റൊന്ന് തൊട്ടപ്പോൾ
  തലകുനിച്ചുപോയ് പെണ്ണ്.
  ചുവന്നുതുടുത്തവൾ ഇതളുകളിൽ ഒളിപ്പിച്ച നിന്റെ പ്രണയമിനി കാറ്ററിഞ്ഞീടുമോ?
  അവളൊന്ന് മൂളുവാൻ കാത്തുനിൽക്കാതെ കാറ്റവളുടെ ഇതളുകളിൽ പരതി നടന്നു.
  ഇതളുകളിളക്കി അവളെ കുലുക്കി ഞെട്ടിലമർത്തി അവൻ ഭീഷണികൾ മുഴക്കി.
  പതറില്ല പെണ്ണവൾ മുള്ളുകൾ മറയ്ക്കില്ല,
  ഞെട്ടറ്റ് വീഴുവാൻ തെല്ല് ഭയവും അവൾക്കില്ല.
  കാറ്റിനെ അവൾ തന്റെ ഹംസമായി മാറ്റിടും, അവനറിയാതവൾ പ്രണയവും പരത്തിടും.
  വീണ്ടും പ്രണയമന്വേഷിച്ചു കാറ്റ് വന്നീടുമ്പോൾ ഒന്നുമറിയാതെയവൾ പുഞ്ചിരിച്ച് കാട്ടിടും.
  ....
  ഇതൊക്കെ നിന്നിലെ തോന്നലുകൾ മാത്രമല്ലേ...
  നീയല്ലേ കാറ്റിനും പൂവിനും പ്രണയം കൊടുത്തത്...

  പൂവിനോടാണോ നീ പ്രണയം പറഞ്ഞത്?
  ആ പൂവിനെയല്ലേ നീ കൊന്നുകളഞ്ഞത്?
  അവളെ അടയാളമാക്കുവാൻ അവൾ ആവശ്യപ്പെട്ടുവോ...
  നിന്റെ പ്രണയത്തിന് കാവലും അവൾ ഏറ്റതല്ലല്ലോ...

  നിന്റെ പ്രണയം തിരയുവാൻ ഇനി ഇതളുകൾ അടർത്തരുത്...
  അവളുടെ ഇതളുകളെയെങ്കിലും വെറുതെ വിട്ടൂടെ?
  നിന്റെ പ്രണയത്തിനായവൾ മരിച്ചു കഴിഞ്ഞു...
  വികൃതയാക്കാതവളെ ഇനി മണ്ണിൽ ഉപേക്ഷിക്കൂ.

  ©ssa_writes

 • ssa_writes 14w

  #malayalam #Malayalampoem #malayalamkavitha #life #diary #thoughts #poem #story #writer #miraake
  ഇത് നടന്നൊരു സംഭവമാണ് രണ്ട് ഭാഗങ്ങൾ ഉണ്ട്.

  Read More

  1

  ഈ ചുറ്റും കാണുന്നതൊന്നുമല്ല ശരിക്കുമുള്ള ലോകമെങ്കിലോ?സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഒരുവനിൽ എത്രത്തോളമുണ്ടെന്ന് പറയേണ്ടതില്ലല്ലോ...ഇനി ഞാൻ പറയാൻ പോകുന്നത് പറ്റുമെങ്കിൽ വെറുതെയൊന്ന് കേട്ടുനോക്ക് ...
  ഒരു ദിവസം രാവിലെ ഞാൻ ഉറക്കമെഴുന്നേറ്റപ്പോൾ തിരിച്ചറിയുകയാണ് എന്റെ ലോകം വാട്സാപ്പിൽ മാത്രമായി ചുരുങ്ങിപോയിരിക്കുന്നുവെന്ന സത്യം.സംഭവിച്ചത് എന്താണെന്നുവെച്ചാൽ ഫോണിലെ വാട്സ്ആപ്പ് പണിമുടക്കിയതാണ്, പക്ഷെ ആ ആപ്പുമായുള്ള ആത്മബന്ധമോ അഡിക്ഷനോ കാരണം എനിക്ക് ആ വസ്തുത അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. കുറച്ച് മണിക്കൂറുകളിലേക്ക് എങ്കിലും എനിക്ക് തോന്നിപോയിരുന്നു, ഞാൻ എന്ന വ്യക്തിയുടെ നിലനിൽപ്പ് എന്താണ്, എവിടെയാണ് എന്നൊക്കെ. ഞാൻ ഈ പറയുന്നത് എത്രപേർക്ക് മനസ്സിലാകുമെന്ന് അറിയില്ല പക്ഷെ, ഞാൻ പറഞ്ഞത് മനസ്സിലായ ചിലരെന്നോട് ഇതിനെപറ്റി എഴുതാൻ പറഞ്ഞതുകൊണ്ടുമാത്രമാണ് ഇത് എഴുതുന്നത്. ഇതുവരെ എന്റെ വാട്സ്ആപ്പിന് എന്താ പറ്റിയതെന്ന് പറഞ്ഞില്ലല്ലോ... അതെന്താന്ന് വെച്ചാലെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഫോൺ നോക്കുമ്പോഴുണ്ടല്ലോ വാട്സ്ആപ്പിൽ എന്റെ ടൈംലൈൻ മൊത്തത്തിൽ മാറികിടക്കുന്നു. ശെരിക്കും പറഞ്ഞാൽ ഒരേ സമയം മൂന്ന് ടൈംലൈനിലൂടെ കടന്നുപോകുന്ന ഒരു അവസ്ഥ. ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നുണ്ടാവും എനിക്ക് വട്ടാണെന്ന് പക്ഷെ ഇത് നടന്നതാണ് കേട്ടോ .അന്ന് രാവിലെ എന്നെ കുഴക്കിയ മൂന്ന് വർഷങ്ങളാണ്- 1979,2022,2064. അന്ന് എന്റെ കോൺടാക്ട്സിലുള്ള എല്ലാവരുംതന്നെ 1979 ലും ഞാൻ മാത്രം 2064 ജൂണിലും ആയിരുന്നു വാട്സ്ആപ്പിൽ -അതായത് രമണാ, ഞാൻ മെസ്സേജ് അയക്കുന്ന തീയതി കാണിക്കുന്നത് 2064 ജൂൺ ആണെങ്കിൽ ആ മെസ്സേജ് വായിക്കുന്നവരുടെ ഇൻഫോ നോക്കിയാൽ അവരത് വായിക്കുന്ന തീയതി 1979 എന്നാണ് കാണിച്ചിരുന്നത്.ഇതൊന്നും പോരാഞ്ഞിട്ട് ഇതൊന്നും എന്റെ ഫോൺ സെറ്റിംഗ്സ് ന്റെ കുഴപ്പമല്ലെന്ന് കാണിക്കാൻ അപ്പോഴും എന്റെ ഫോണിൽ കൃത്യമായ 2022 ലെ സമയം കാണിക്കുന്നുണ്ടാരുന്നു സുഹൃത്തുക്കളെ...
  ©ssa_writes

 • ssa_writes 15w

  മറവിയുടെ ഭാരം കൂടി ഇനി
  തലയിലേറ്റുവാൻ വയ്യ,
  മറക്കുവാൻ മറക്കുവാൻ ശീലിച്ച് തുടങ്ങണം.
  മറവിയുടെ മറയെ വലിച്ചുകീറാൻ നിന്റെ
  ഒരു ചെറു സാന്നിദ്ധ്യം മാത്രം മതിയാവും.
  പുഞ്ചിരികൾ എനിക്ക് നീ ഭിക്ഷ നൽകൂ സഖീ,
  എന്റെ മറവിയിലും കടമായി കാത്തുവെച്ചീടുവാൻ.
  നാം അന്ന് നടന്നുബാക്കിയായ വഴികളും,
  നാം അന്ന് നടന്നുതീർത്ത കാല്പാദങ്ങളും,
  നാം അന്ന് പകുതിയിൽ ധൃതിയിൽ അവസാനിപ്പിച്ച വർത്തമാനങ്ങളും...
  ഇവയുടെ എണ്ണം മറന്നാലും ഞാൻ ,
  നിന്നെ മറക്കാതിരിക്കുവാൻ ഓർമ്മയിൽ നട്ടിടാം...
  കണ്ണുകളിൽ നിൻ മുഖം മങ്ങിതുടങ്ങിടാം,
  കാതുകളും നിന്റെ ശബ്ദം തിരഞ്ഞിടാം,
  ചുണ്ടുകളിൽ നിന്റെ വരികൾ നിലച്ചിടാം,
  പക്ഷെ ഓർമ്മിച്ചിടും ഞാൻ എൻ ഹൃദയത്തിൽ പ്രിയ സഖീ...
  ഇത് നിനക്കായുള്ളെൻ പ്രണയലേഖനമാണ്,
  ഓർമ്മകൾ തുളുമ്പുന്നെൻ ഹൃദയമന്ത്രണമാണ്...
  അക്ഷരങ്ങളിൽ ഞാൻ പകർത്തിടുന്നു നിന്നെ,
  എന്റെ സ്നേഹത്താൽ ബന്ധിച്ച് തളച്ചിടുന്നൂ ഇവിടെ...
  വിടപറയുകില്ല ഞാൻ ഒരിക്കലും നിന്നോട്...
  അക്ഷരങ്ങളും ഞാൻ മറക്കുന്ന നാൾ വരെ.

  ©ssa_writes

 • ssa_writes 15w

  നിന്റെ ഓർമ്മകൾ എനിക്കായൊരുക്കിയ നനുത്ത മെത്തയിൽ,
  ഞാൻ നമ്മുടെ പ്രണയം കുറിച്ചിടുന്നു...
  കുളിർമഴപോലെ പെയ്ത നിമിഷങ്ങളെ പകർത്തിയെഴുതാൻ കണ്ണീരല്ലാതെ ഒരു മഷിയും ഞാൻ കണ്ടില്ല...
  ©ssa_writes

 • ssa_writes 16w

  അവൾ ഒരു കൊലപാതകിയാണ്!
  എത്ര ജീവിതങ്ങളാണ് അവൾ പിഴുതെറിഞ്ഞത്...
  ജീവൻ പകർന്നതും ജീവനെടുത്തതും
  അവളുടെ തീരുമാനങ്ങളായിരുന്നു.
  ഒരു നിമിഷത്തിൽ ജനിച്ച കൗതുകത്താൽ സ്വയമേറ്റുവാങ്ങിയ ഗർഭത്തെ
  പിറക്കും മുൻപേ കരിച്ചുകളഞ്ഞവൾ കൊലപാതകിയല്ലാതെന്താണ്!
  ഞാൻ അടങ്ങുന്നെന്റെ കൂടപ്പിറപ്പുകൾ ആരുമവളോട് കേണുപറഞ്ഞില്ല,
  അവളാണ് ഞങ്ങളെ അരികിൽ വിളിച്ചതും... അവളാണ് ഞങ്ങളെ ശിരസ്സിൽ ചുമന്നതും...
  ജീവനും രൂപവുമില്ലാതിരുന്നെന്നിലേക്ക്,
  പ്രാണൻ പകുത്തതവളുടെ കൈകളാണ്...
  ആ രൂപമേറ്റുവാങ്ങിയ എന്നിലേക്ക്,
  അർഥങ്ങൾ കോരിച്ചൊരിഞ്ഞതും അവളാണ്.
  പെറ്റിടാനുള്ള ദിവസമടുത്തപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചതും അവളാണ്...
  എന്നെ ചേർത്തവളെഴുതിയ അക്ഷരങ്ങൾ, ലക്ഷ്യമറ്റ് ചാപിള്ളപോലിന്നും അവശേഷിക്കുന്നു.
  പൂർണമായി ജനിക്കുവാനാവാതെ പാതിവഴിയിൽ മരിച്ചുവീണ
  കവിതയാണ് ഞാൻ...
  ഒടുങ്ങാത്ത അർഥങ്ങളുടെ ഭാരവും പേറി മരണവും കാത്ത് ഞാൻ മയങ്ങികിടക്കുന്നു...
  അവളാണ് എന്റെ കൊലപാതകി.

  ©ssa_writes

 • ssa_writes 17w

  കാഴ്ചകളൊക്കെയും കണ്ടുതീർന്നെന്ന് ഉറപ്പിച്ചാൽ ,
  കാണുവാൻ ബാക്കിയുള്ളതൊന്നും കാഴ്ചയായി തോന്നില്ല.
  വാക്കുകളിലൊളിക്കുന്ന വേദനയുടെ
  ഭാരത്തിൽ സ്വയം മുങ്ങിതാഴുന്നത്
  സ്നേഹം തേടിയല്ലേ...
  നഷ്ടങ്ങളെ നിങ്ങൾ നഷ്ടങ്ങൾകൊണ്ടളക്കുമ്പോൾ,
  നഷ്ടമല്ലാതെ പിന്നെന്താണ് കിട്ടുക...
  ഓർമ്മകളൊക്കെയും സ്വന്തമെങ്കിൽ പോലും,
  പ്രാണന്റെ രക്തം കവരുവാൻ പാടുണ്ടോ...
  കഴിഞ്ഞ കാലങ്ങളിലെ മുറിവുകൾ ജനിപ്പിച്ച വിത്തുകൾ ഇനിയും നീ ചുമക്കുന്നതെന്തിന്...
  തുടക്കവും ഒടുക്കവും എല്ലാമൊരു മായയാണ്... ഒടുക്കത്തിൽ പോലും തുടങ്ങുവാൻ സാധിക്കും.
  നിന്റെ വേദനകൾ നിന്റേത് മാത്രമാണ്, തീരുമാനങ്ങളും നിന്റേത് മാത്രം.

  ©ssa_writes

 • ssa_writes 17w

  എഴുതി അവസാനിക്കും വരെ മാത്രമേ അക്ഷരങ്ങളുമായി ഞാൻ കരാറിലുള്ളൂ...
  പേനയുടെ വായടച്ചതിന്‌ ശേഷം അക്ഷരങ്ങളിലൂടെ പരതിയാൽ എന്നെ കണ്ടുകിട്ടണമെന്നില്ല...
  എന്റെ ചിതയിലെ ചാരംപോലും ഇപ്പോൾ എനിക്ക് സ്വന്തമല്ല.

  ©ssa_writes

 • ssa_writes 17w

  മുറിയിൽ അലസമായി ചിതറിക്കിടന്ന കടലാസുതുണ്ടുകൾ വാരിക്കൂട്ടി അവൾ നെഞ്ചോടണച്ചു...
  വെട്ടിത്തിരുത്തിയും തുന്നിച്ചേർത്തും
  അവൾക്ക് മതിയായെന്ന് തോന്നുന്നു ...
  കരഞ്ഞുകലങ്ങിയ കണ്ണുകളോടെ
  ഇനിയും ഇരുളിന്റെ മാറിൽ
  അഭയം പ്രാപിക്കാൻ മടിയാണത്രേ...
  എഴുതിച്ചേർത്തതൊക്കെയും വിഡ്ഢിത്തരങ്ങൾ ആയിരുന്നതിൽ അവൾക്ക് പരിഭവമില്ല...
  തെറ്റാണെന്ന് അറിഞ്ഞിട്ടും തിരുത്താൻ മടിച്ചതിനുള്ള മറുപടി അവൾ
  അവൾക്കുതന്നെ നൽകട്ടെ...
  എനിക്ക് അവളെ അറിയില്ല...
  വലിഞ്ഞുകയറിച്ചെന്ന് ചികഞ്ഞറിയാനും പോകുന്നില്ല...
  അവളുടെ സ്വകാര്യതയല്ലേ,
  എന്റെ സാമീപ്യം ആവശ്യമെങ്കിൽ അവൾ എന്നെ വിളിക്കുമായിരുന്നല്ലോ!!

  ©ssa_writes

 • ssa_writes 17w

  എനിക്ക് ഭ്രാന്താണ്...
  അളന്നുനോക്കിയാൽ ഒരുതരി കുറയില്ലെന്നുറപ്പുള്ള,
  അവകാശികളില്ലാത്ത എന്റെമാത്രം ഭ്രാന്ത്.
  മൂടിവെയ്ക്കുവാൻ വായടച്ചപ്പോഴെല്ലാം,
  മൗനത്തെ കീറിമുറിച്ച ശബ്ദമായെന്റെ ഭ്രാന്ത്...
  ഒളിഞ്ഞുനിന്നുള്ള അടക്കംപറച്ചിലുകളെനോക്കി
  നിവർന്നുനിന്ന് ചിരിക്കുവാൻ പഠിപ്പിച്ച ഭ്രാന്ത്...
  കണ്ണിൽനോക്കി കപടമായി ചിരിച്ചോരെ
  കണ്ടില്ലെന്ന് നടിക്കുവാൻ
  പഠിപ്പിച്ചതുമെന്റെ ഭ്രാന്ത്...
  മറയില്ലാതെ കാര്യം പറയുവാൻ മധുരമുള്ള വാക്കുകൾ ഒളിപ്പിച്ചതുമെന്റെ ഈ ഭ്രാന്ത്...
  വേദനകൾ കുന്നുകൂടുമ്പോഴെല്ലാം,
  ഭ്രമമെന്ന് ചൊല്ലി എന്നെ കബളിപ്പിച്ചതും
  ഈ ഭ്രാന്ത്...

  ©ssa_writes