Grid View
List View
Reposts
 • kunji_rosna 105w

  മഴ

  പുലരിയിൽ കാർമേഘങ്ങളിൽത്തട്ടി 
  ചിതറിയെത്തിയ സൂര്യകിരണങ്ങൾ  ചുംബിച്ചൊരു കുഞ്ഞു വെൺപൂ
  മൊട്ടിനെ നോക്കിനിൽക്കെ, 
  ഒരു കുളിർകാറ്റിൻ കൂട്ടുപിടിച്ചും 
  ഒരു നനുത്ത ഗന്ധവും പേറി 
  മാനത്തുനിന്നു പെയ്തൊരാ 
  തുള്ളിയിൽ ഒരു സ്വപ്നമായ് 
  വിരിഞ്ഞെന്നുടെ മനവും.. 

  സ്വപ്നത്തിൻ തിരയിളക്കത്തിൽ 
  നനഞ്ഞൊരെൻ  പാദങ്ങളിൽ പൊൻകിലുക്കമായ് മൺതരികൾ താളമിട്ടീടവെ, നിറമുള്ളൊരാടയിൽ
  ഭ്രമിച്ചെത്തിയൊരു ശലഭം എന്നുടെ സ്വപ്നത്തിൻ തേൻ നുകർന്നെന്നുടെ
  പ്രേമവും കവർന്നു പറന്നകന്നുപോയ്... 

  ഇനിയൊരു പുലരിയിൽ,
  നനവാർന്നൊരു മണ്ണിൽ നിന്നുടെ പ്രേമവും പൂക്കുമെന്നാ വെൺപൂവ്‌ 
  പറയാതെ പറഞ്ഞപ്പോൾ മാനത്തു നിന്നൊരായിരംതുള്ളികൾ എന്നെ ചുംബിച്ചുകൊണ്ടെന്നുടെ പ്രേമത്തെതേടി യാത്രയായ്... 

  ©kunji_rosna

 • kunji_rosna 106w

  വിഷമാണ് വിഷാദരോഗം

  മരണം ഒന്നിനും ഒരു പരിഹാരമല്ലെന്ന് പറയുന്നുണ്ടെങ്കിലും വിഷാദം ഒരുപക്ഷേ 
  പലരെയും അവിടെ  എത്തിക്കും..
  അത്രമേൽ വിഷമാണ് വിഷാദരോഗം.. 

  കണ്ണുകളിൽ നിന്നു വായിച്ചെടുത്തു മനസ്സിൽനിന്ന് പിഴുതെടുത്തു കളയേണ്ടിയിരിക്കുന്നു  വിഷാദമെന്ന അവസ്ഥയെ.. 

  നമ്മുടെ കയ്യെത്തും ദൂരത്തുണ്ട് പലരുടെയും ജീവൻ...മനസും കണ്ണും ഒന്ന് തുറന്ന് വെയ്ക്കാം...

  ©kunji_rosna

 • kunji_rosna 106w

  ❣️

  നിനക്കറിയാത്തൊരു ഭാഷയിൽ, 
  നിനക്കദൃശ്യമായൊരു വർണത്തിൽ, 
  ഞാനിന്നും നിന്നെ കുറിച്ചു എഴുതാറുണ്ട്..

  നൂല് പൊട്ടിച്ചുപോയൊരു പട്ടത്തിന് 
  സ്വാതന്ത്രമായൊരു ലോകമുണ്ട്.
  അതറിയാതെ വിലപിക്കുന്നൊരു  കൊച്ചുകുട്ടിയെപോലെയാണ്
  ചിലപ്പോഴെല്ലാം  എന്റെ തൂലിക.. 

  എങ്കിലും  എന്റെ അക്ഷരങ്ങൾ നിന്റെ ലോകത്തിനൊരു ബാധ്യതയാവില്ല എന്നൊരുറപ്പ് അവൾ എനിക്കു നൽകിയിട്ടുണ്ട്..

  ആ ഒരു വിശ്വാസത്തിലാണ്  പേറ്റുനോവേറെ സഹിച്ചും എന്റെ അക്ഷരങ്ങൾ പിറവിയെടുക്കുന്നത്.. 

  ഭ്രൂണഹത്യയേക്കാൾ പാപമല്ലല്ലോ ജാരസന്തതികൾ... 

  ©kunji_rosna

 • kunji_rosna 107w

  അരുത്

  സ്വന്തം അച്ഛനമ്മമാരെ കത്തിക്കിരയാകുന്ന മക്കൾ.. 

  സ്വന്തം മക്കളെ എറിഞ്ഞുകൊല്ലുന്ന മാതാപിതാക്കൾ.. 

  സ്വന്തം ഭാര്യയെയും, ഭർത്താവിനെയും  വിഷം നൽകി കൊല്ലുന്നവർ.. 

  വിശപ്പിന്റെ നിലവിളിയെ തല്ലിചതച്ചു 
  കൊന്നവർ... 

  ഇതാണോ ദൈവത്തിന്റെ  സ്വന്തം നാട്..? 

  ആ അഹങ്കാരം ഇതാ വെള്ളത്തിൽ വരച്ച വരപോലെ അവ്യക്തമായ് തലകുമ്പിട്ടു നില്കുന്നു.. 

  സ്വന്തം ചോരയോടും, വർഗത്തിനോടുമില്ലാത്ത സ്നേഹവും പരിഗണനയും ഒരാനയ്ക്കു കിട്ടുമോ..?

  എവിടെയാണ് ഇതിന്റെയൊക്കെ തുടക്കം...?

  പണ്ട് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുമ്പോൾ അമ്മ പറയുമായിരുന്നു അരുതെന്ന്... 

  ആ അരുതുകൾ പലരും പറയാൻ മറന്നതോ...  അതോ പറഞ്ഞത് മറന്നതോ...? 

  ഇനിയെങ്കിലും  ആവർത്തിക്കാതിരിക്കട്ടെ..!!!


  ©kunji_rosna

 • kunji_rosna 108w

  മിഴികളിൽ മൊട്ടിട്ടൊരു പ്രണയം..

  നിന്റെ കണ്ണുകളിൽ കൊളുത്തിവലിച്ച 
  എന്റെ ഹൃദയം ഉച്ചത്തിലിടിച്ചുകൊണ്ട് 
  എന്നുള്ളിലെ പ്രണയത്തെ ഉണർത്തി.. 

  മൗനത്തിന്റെ നീണ്ട നിശബ്ദതയിലും 
  ശബ്ദങ്ങളുടെ ഉച്ചസ്ഥായിയിലും നിന്റെ 
  നയനങ്ങൾ അകലെ നിന്നുകൊണ്ട് എന്റെ ഹൃദയത്തോട് കഥകൾ പറഞ്ഞു.. 

  ആ പ്രണയ കഥകളിലെ രാജകുമാരനും, രാജകുമാരിയുമായ് നാം വിഹരിച്ചു.. 

  അറിയാതെ.. പറയാതെ.. നാം പ്രണയിച്ചു.. 

  ഇന്നു നിന്റെ കണ്ണുകളുടെ വശ്യത 
  എന്നെ  മുഴുവനായും ചുറ്റിവരിഞ്ഞിരിക്കുന്നു.. 

  അത്രമേൽ ആഴത്തിൽ ഞാൻ നിന്റെ 
  കണ്ണുകളുമായ് പ്രണയത്തിലാണ്.. 

  നീയൊന്നു കണ്ണുചിമ്മിയാൽപോലും 
  അതെനിക്കു നോവും.. 

  ഞാനരികിലെത്തി ആ കണ്ണുകളിലൊന്നു ചുംബിക്കും വരെ നീ നിന്റെ നയനങ്ങൾ എനിക്കായ് തുറന്ന് വെയ്ക്കൂ.. 

  നിന്നിലേക്കുള്ള പാതയിൽ അവയെനിക്ക് വെളിച്ചമായിടട്ടെ.. !


  ©kunji_rosna

 • kunji_rosna 110w

  ഒരു ബസ് യാത്ര..

  ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം 
  അവരുടെ കണ്ണുകൾ തമ്മിലിടയുന്നു.. 

  ബസ്സിനകത്തെ തിക്കും,തിരക്കും 
  അവളറിഞ്ഞില്ല..
  പുറത്തെ കാഴ്ചകളൊന്നും ആ കണ്ണിൽ തെളിഞ്ഞതുമില്ല.. 

  തെളിഞ്ഞത് ആരെന്നറിയാത്ത ഒരുത്തൻ അവളുടെ നേർക്കെറിഞ്ഞ ചെറു പുഞ്ചിരിയും, നോട്ടവും മാത്രം.. 

  അവളുടെ ഉയർന്ന നെഞ്ചിടിപ്പ് 
  ഭയമോ, പ്രണയമോ, കാമമോ അല്ലായിരുന്നെങ്കിലും..

  അവളൊരു പെണ്ണും, അവനൊരു ആണും മാത്രമായിരുന്നു എന്നതാണ് സത്യം.. 

  നാലാമതൊരുവട്ടം കൂടി അവനവളുടെ നോട്ടത്തെ കാത്തുവെങ്കിലും, 
  നമ്രശീർഷയായി അവളവന്റെ 
  ചിരിയെ മാത്രം ഓർത്തിരുന്നു.. 

  അവനിറങ്ങി പോയതറിഞ്ഞിട്ടും 
  നഷ്ടപ്പെടുത്തിയ നാലാമത്തെ
  നോട്ടത്തെ കുറിച്ചായിരുന്നു 
  അവളുടെ ചിന്ത...

  ബസ്സിറങ്ങി മെല്ലെ നടക്കുമ്പോൾ 
  അവനാൽ മങ്ങിയ കാഴ്ചകളോരോന്നും 
  അവളുടെ കണ്ണിൽ തെളിഞ്ഞു വന്നു.. 

  വൃക്ഷങ്ങൾ കാറ്റിലുലയുന്നതും, 
  ജനങ്ങൾ പായുന്നതും, കുട്ടികൾ
  കളിക്കുന്നതും അവൾ കണ്ടു.. 

  ©kunji_rosna

 • kunji_rosna 110w

  പ്രണയത്തിന്റെ ചുവന്ന പുഷ്പങ്ങൾ...

  ശിശിരം ഇലകൾ പൊഴിച്ച് ഭൂമിയെ ചുംബിക്കുമ്പോൾ ,
  വസന്തം പൂക്കൾ വിരിയിച്ചു നമ്മുടെ പ്രണയത്തെ സ്വാഗതം ചെയ്യുന്നപോൽ ദൂരെ പ്രണയത്തിന്റെ ചുവന്ന പുഷ്പങ്ങൾ പൂത്തുലഞ്ഞു കണ്ണിനുകുളിർമയേകി
  നിൽക്കുന്നു...

  ആ മരത്തിനുകീഴെ നമുക്കായ്
  ഒരു ഇരിപ്പിടം കാത്തിരിക്കുന്നുണ്ട് ..

  ഈ വീഥിയിലൂടെ പരസ്പരം
  കൈകൾകോർത്തിണക്കി
  അവിടെക്കായ് മെല്ലെ നടന്നിടാം...

  നാം അവിടെയെത്തുന്നമാത്രയിൽ നമ്മെ
  തഴുകുവാനെത്തുന്ന കുളിർകാറ്റിൽ ആ
  ചുവന്നപുഷ്പങ്ങൾ നമുക്കുമീതെ
  പ്രണയം പൊഴിച്ചിടും..

  നമുക്കരികിലായ് വീഴുന്ന ആ പുഷ്പങ്ങളെ കൈകളിലെടുത്തു ഒന്നു തലോടണം..

  നമ്മുടെ ലാളനയിലവ നിർവൃതികൊള്ളുമ്പോൾ,
  അവർക്കിടയിൽ നിന്നുകൊണ്ട് നമുക്ക്
  ഗാഢമായ് ചുംബിക്കാം...

  ആ നിമിഷത്തിൽ വസന്തത്തിന്റെ പൂർണതയിൽ പുളകിതരായ ആ ചുവന്ന പുഷ്പങ്ങൾ നമ്മെ നോക്കി നാണംകൊണ്ടു മുഖം പൊത്തി പുഞ്ചിരിക്കും...


  ©kunji_rosna

 • kunji_rosna 110w

  മാലാഖമാർക്ക്..

  കാണുന്നു  ദൈവത്തെ..
  ദൈവത്തിൻ ദൂതരാം മാലാഖമാരെ..
  നമ്മുടെ കണ്ണുകളാൽ..

  അറിയുന്നു സ്നേഹസ്പർശനങ്ങൾ
  വാക്കിലും.. നോക്കിലും.. പരിചരണങ്ങളിലും.. 

  പൂജിക്കണം.. പക്ഷേ
  പുഷ്പങ്ങൾ വേണ്ട.. 
  പാലഭിഷേകം വേണ്ട.. 
  ചന്ദനത്തിരി ഗന്ധവും  വേണ്ട..
  പകരമായ് നൽകാം സ്നേഹത്തിൻ മാധുര്യം നിറഞ്ഞ..കരുതലിൻ നനവുപടർന്ന
  പുഞ്ചിരിതൻ കൂപ്പുകൈ..  

  ©kunji_rosna

 • kunji_rosna 111w

  മരണം

  ഇരുണ്ട മുറിയിൽ, പനിച്ചൂടിൽ 
  പുതപ്പിനടിയിൽ ചുരുണ്ടുകൂടി
  കിടക്കുമ്പോഴും ഞാൻ 
  നിന്നെ പ്രണയിക്കുകയായിരുന്നു... 

  കൂർത്ത നഖങ്ങൾ എന്റെ 
  തൊണ്ടയിൽ കുത്തിയിറക്കി 
  വരഞ്ഞു കീറുമ്പോഴും ഞാൻ 
  നിന്നെ പ്രണയിക്കുകയായിരുന്നു... 

  കൈകാലുകളെ തളർത്തി
  ശരീരത്തിലേക്കു ഇരച്ചുകയറുന്ന  
  നോവിന്റെ കൊടുംക്രൂരതയിലും ഞാൻ 
  നിന്നെ പ്രണയിക്കുകയായിരുന്നു..

  പുറത്തു ആർത്തലച്ചുപെയ്യുന്ന 
  മഴയുടെ താളം മൂകതനിറഞ്ഞുനിന്ന 
  എന്റെ മുറിയിലേക്കു നിന്നെ വരവേൽക്കുകയായിരുന്നു.. 

  നേരമായി.. വരിക നീയെന്നരികിൽ..

  പതിയെ പുതപ്പിനുള്ളിലേക്കു
  നൂണ്ടുകയറി  കെട്ടിപുണർനീടുക 
  നിൻ പ്രണയിനിയെ.. 

  ഓരോ ശ്വാസത്തിലും 
  നിന്റെ  ഗന്ധം ഞാൻ സ്വന്തമാക്കീടട്ടെ..

  നിന്റെ തണുത്തുറഞ്ഞ വെളുത്ത
  ചുംബനങ്ങളെ മിഴിപൂട്ടി ഞാൻ
  നുണഞ്ഞിടട്ടെ..  

  ഉച്ചിതൊട്ടു പാദം വരെ നീളുന്ന നിന്റെ സ്നേഹലാളനങ്ങൾക്കു മറയായി 
  കളികളേറെ കണ്ട തെക്കെപുറത്തെ എന്റെ മാക്കൊമ്പുകൾ കണ്ണീരുതിർത്തു നിൽപ്പാണ്..

  ഒരു കൊള്ളി തീച്ചൂടിൽ കത്തി
  പടരുന്ന ശീല്കാരങ്ങൾ പ്രണയത്തിൻ 
  സ്ഫുരങ്ങളായ് ഉയർന്നുപൊങ്ങി 
  ദൂരെ ആകാശത്തൊരു നക്ഷത്രമായ്..
  പ്രിയപ്പെട്ടവർക്ക് സാന്ത്വനമായ്.. മിന്നിത്തിളങ്ങിടട്ടെ... 

  ©kunji_rosna

 • kunji_rosna 113w

  ശുഭം

  അതെ.. പ്രണയമായിരുന്നു നിന്നോടെനിക്ക്... 

  എൻ ഇടനെഞ്ചിൽ തുടിച്ചും..
  എൻ മിഴികളിൽ മൊട്ടിട്ടും.. 
  എൻ അധരത്തിൽ വിരിഞ്ഞും..
  എൻ വിരൽത്തുമ്പിൽ തിരിതെളിയിച്ചും..
  ഒടുവിലെൻ  അസ്ഥിയിൽ തുളച്ചുകയറി 
  എൻ ആത്മാവിനെ മോഹിപ്പിച്ചൊരു പ്രണയം.. 

   പ്രണയമായിരുന്നു നിന്നോടെനിക്ക്... 

  ആദ്യവസന്തത്തിൽ വിരിഞ്ഞൊരു നറുവെൺ പൂവിനു കുളിർതെന്നലെന്നപോലെ നീയെൻ 
  ആത്മാവിൽ നിറഞ്ഞു നിന്നു... 

  ഒടുവിൽ അവസാനയാത്ര പറഞ്ഞു നീ 
  പടിയിറങ്ങിയപ്പോൾ നീ തന്ന ആശകൾ 
  കൊടും പേമാരിയിൽ കൊഴിഞ്ഞുവീണ പൂക്കളെപോലെ പ്രാണവേദന തിന്നു.. 

  ആ വേദനയിലും നിന്നെ വിശ്വസിച്ച എന്റെ കണ്ണുനീർ ഒഴുകുവാൻ മടിച്ചു നിന്നു... 
  ഒടുവിൽ ഗതികെട്ട  എന്റെ പ്രണയം  മിഴിയിൽ നിറഞ്ഞു നിന്ന നിർവികാരതയിൽ ആത്മാഹുതി ചെയ്തു..

  ഹൃദയതാളം നിലച്ചു.. 
  മിഴികളടഞ്ഞു..
  അധരങ്ങളിൽ ഇരച്ചുകയറിയ കയ്പ്പിൽ 
  നാവ് പുറത്തേക്കുതള്ളി.. 
  വിരൽത്തുമ്പിൽ കരിതിരിതൻ ഗന്ധമൊഴുകി.. 

  എന്നിട്ടും കലിയൊടുങ്ങാതെ ആത്മാവ്, എന്റെ മുലകളിൽ തീകൊളുത്തി..
  നാഭിയിൽ തുടിച്ചുനിന്ന വികാരങ്ങളിൽ അമർത്തിച്ചവിട്ടി നൃത്തമാടി..
  ഭോഗഭംഗം കുറിച്ചുകൊണ്ടെന്റെ 
  യോനിയിലേക്ക് ആളിപ്പടരുന്ന 
  അഗ്ന്നിയെ തുറിച്ചു നോക്കിക്കൊണ്ടവൾ അലറി

  "ഒടുങ്ങട്ടെ നിൻ നെഞ്ചിലെ പ്രേമവും 
   ഉടലിലെ രതിയും... "

  ഒടുവിലായ് ഇറ്റിവീണ ഒരുതുള്ളി 
  മിഴിനീരിൽ മൂകയായ് ഞാനും എൻ 
  ആത്മാവും... 

   -ശുഭം-

  ©kunji_rosna