മഴയിറങ്ങിപ്പോയ
ജനൽവഴികളിലേയ്ക്ക്
ഇടറിയെത്തുന്ന
കടലിരമ്പങ്ങൾക്ക് കാതോർത്തിരിക്കവേയാണ്
മുഖവുരകളില്ലാതെ
അയാൾ പടി കയറി വന്നത്...
മഴ പൊഴിയും പോലെ
കടലിരമ്പും പോലെ
മരണത്തിനുമപ്പുറത്തേയ്ക്ക്
നീണ്ടു പോവുന്ന പ്രണയത്തിന്റെ
കരളു നോവുന്ന
കഥ പറഞ്ഞത്...
അവളെ
ഉത്തരാ എന്ന്
നീട്ടി വിളിച്ചത്...
അയാൾക്കപ്പോൾ
നേർത്ത
കടലുപ്പ് മണമായിരുന്നു...
കനത്ത നെഞ്ചിലെ രോമക്കാടുകളിൽ
കടൽക്കാറ്റുകൾ
കുരുങ്ങിക്കിടന്നിരുന്നു...
തിരയടിയ്ക്കാത്ത സമുദ്രങ്ങൾ പോലെ
മിഴികളിൽ
പ്രണയം തുളുമ്പി നിന്നിരുന്നു...
പ്രണയം തീണ്ടിയടഞ്ഞ കണ്ണുകൾ
തുറക്കാതെ
അവളയാളോട് ചേർന്ന് നിന്നു...
അയാളെ കേട്ടു നിന്നു...
പിന്നെ...
കടലു മോഹിച്ചൊഴുകുന്ന
പുഴ പോലെ
ഒഴുകിയൊഴുകി
കഥയിലെവിടെയോ
തങ്ങി നിന്നു...
കഥ കഴിഞ്ഞതും
മഴയിറങ്ങിപ്പോയ
വഴികളിലേയ്ക്ക്
അയാളിറങ്ങിപ്പോയതും
അവളറിഞ്ഞില്ല..
കഥയിലെവിടെയോ
സ്വയമറിയാതെ
കുരുങ്ങി നിൽക്കയാണവളെന്നത്
അയാളുമറിഞ്ഞില്ല..
ഇരുളു പൂക്കുന്ന
ചില്ലകളിലൊന്നിനെ
നിലവുദിയ്ക്കുന്ന
ചിരി കൊണ്ടു താഴ്ത്തി
ഇനിയുമയാൾ വരും..
കഥകൾ പറയും...
കടലു മോഹിച്ചവൾ
ഒഴുകിത്തുടങ്ങും...
©shilpaprasanth_
shilpaprasanth_
never wanted perfect but real..
-
-
എത്രയേറെ വഴികൾ
തെറ്റിപ്പോയെന്ന് ബോധ്യപ്പെട്ടിട്ടാവണം
ഒരുവൻ
ആത്മഹത്യയുടെ
വഴിവരമ്പുകളിലേയ്ക്ക്
കാലുകളമർത്തി
നടന്നു തുടങ്ങുന്നുണ്ടാവുക..
എത്ര വട്ടം
എത്രയേറെ വാതിലുകളിൽ
തട്ടി വിളിച്ചതിന്റെ
തഴമ്പു പാടുകൾ
അവന്റെ കൈകളിൽ
മുഴച്ചു നിന്നിട്ടുണ്ടാവണം..
എത്ര ചിരികളവനെ
തൊട്ടു നോക്കാതെ
കടന്നു പോയിരിയ്ക്കണം..
എത്രമേൽ ആരവങ്ങളിലും
അവനത്രമേൽ ഒറ്റയായിരുന്നിരിയ്ക്കണം..
എത്രയോ വട്ടം
പറയാൻ ശ്രമിച്ചിട്ടും
ആർക്കുമാർക്കും മനസിലാവാതെ
പോയൊരു
നോവിന്റെ കവിത,
ഹൃദയത്തിലപ്പോഴും
തെളിഞ്ഞു നിൽപ്പുണ്ടാവണം..
ഓർത്തു നോക്കിയിട്ടുണ്ടോ...
വേറെയെന്തൊക്കെ വഴികളുണ്ടായിരുന്നെന്ന്
നമ്മൾ ആത്മഗതം പറയുമ്പോഴും,
എത്രയേറെ വഴികളവൻ
ഒറ്റയ്ക്ക്
ശ്രമിച്ചു തോറ്റിട്ടുണ്ടാവണം..
അത്രയേറെ രാത്രികളുടെ
കറുപ്പുകളോട്
കലഹിച്ചു ജയിച്ചിട്ടു
തന്നെയാവണം
ഇതാണെന്റെ ശരിയെന്ന്
ഇത് മാത്രമാണെന്റെ വഴിയെന്ന്
അവൻ അവനെത്തന്നെ
പറഞ്ഞു വിശ്വസിപ്പിച്ചിട്ടുണ്ടാവുക...
©shilpaprasanth_ -
shilpaprasanth_ 71w
#malsaram
#malayalam
#premalekhanam
എന്റേതും കൂടിയായ നിനക്ക്,
നിന്റേതും കൂടിയായ
ഞാൻ.....പ്രേമലേഖനം...
നിനക്കെഴുതാൻ തുടങ്ങുമ്പോൾ
ഞാൻ
പിന്നെയും
എന്റെ ഉടൽച്ചൂടുകളിൽ
നീയെഴുതിയിട്ട
പ്രണയലേഖനങ്ങളെ
വായിച്ചെടുക്കുകയാണ്..
ഇടം കഴുത്തിലെ
വയലറ്റ് തിണർപ്പുകൾ,
എനിയ്ക്കെന്നുമേറ്റവും
പ്രിയപ്പെട്ടവളേ എന്ന
അഭിസംബോധനകളായി
തർജ്ജമപ്പെടുത്തുകയാണ്..
എന്റെ ഉടൽഭൂമികളിൽ
നീ പെയ്തു നിറച്ചെത്ര
കടൽ നീലയാഴങ്ങൾ...
നിനക്കെഴുതുമ്പോൾ
വാക്കുകൾ മതിയാവുന്നില്ലെന്നും
മഷിക്കുപ്പി
വറ്റിപ്പോകുന്നുവെന്നും
കള്ളം പറഞ്ഞു ഞാൻ
വാക്കുകളേക്കാൾ
തീവ്രതയേറിയ
ചുംബനങ്ങളുടെ ഭാഷകൾ
കടമെടുക്കുന്നു...
നിന്നെ ഞാൻ
പ്രണയമേയെന്ന്
വിളിക്കുന്നു...
ഉയിരിന്റെ,
ഉടലിന്റെയും
ലഹരിയാണെന്ന്
കവിത പാടുന്നു...
ഹൃദയമെന്നെഴുതി
നിർത്തുന്നു...
പ്രണയമെഴുതുവാൻ
ചുംബനങ്ങളേക്കാൾ
നല്ല
ഭാഷയില്ലെന്ന്
ഒപ്പു വെയ്ക്കുന്നു...
നിന്റെ പ്രണയലേഖനങ്ങളെ
പിന്നെയും പിന്നെയും
വായിച്ചെടുക്കുന്നു...
©shilpaprasanth_ -
shilpaprasanth_ 71w
#malayalam #malayalamkavithakal
ഇനി പറയൂ...
എന്നെ ഓർമ്മിക്കുവാൻ
നിങ്ങളെന്നോട് ചേർത്ത് വെച്ചത്
എന്തൊക്കെയാണ്....അവരുടെ,
പുഴ പോലെയൊഴുകുന്ന
ചിരികൾ...
വഴി നീളെ,
പല നിറങ്ങളിൽ
വിടർന്നു നിന്നിരുന്ന
കടലാസു പൂവുകൾ...
മതിലുകളിൽ
പടർന്നു പന്തലിച്ച
വെറ്റില വള്ളികൾ..
കിളിയൊച്ചകൾ...
അരിമുല്ലപ്പൂമണം...
കറുത്ത തുകൽപ്പട്ട കെട്ടിയ
വെളുത്ത നായ്ക്കുട്ടി..
ഓർത്തെടുക്കുവാൻ
ഒരുപാടൊരുപാടുണ്ടായിരുന്നു..
എന്നിട്ടും,
അവരെയോർക്കുമ്പഴെപ്പോഴും
ഉള്ളിലൊരു ചെറിമരം മാത്രം
ഇളം പിങ്ക് നിറങ്ങളിൽ
പൂക്കൾ പൊഴിച്ചു നിന്നു..
ഇന്നലെ രാത്രി
അവർ മരിച്ചു പോയി..
മരിച്ചു പോയെന്ന്
വിളിച്ചറിയിച്ചവനോട്
ഒന്നും ചോദിക്കാനില്ലാതെ
അവരുടെ ചെറിമരങ്ങൾക്കിനിയാര്
വെള്ളമൊഴിയ്ക്കുമെന്ന്
വെറുതേ
ചോദിച്ചു വെച്ചു...
അവനൊന്നും പറഞ്ഞില്ല..
ഞാനും..
ഇടയ്ക്കെപ്പഴോ
അവരുടെ ഗർഭപാത്രത്തിന്റെ
ചുവരുകളിലാരോ
അർബുദത്തിന്റെ ചെറിമരത്തയ്യുകൾ
നട്ടു വെച്ചതും,
തളിർത്തും പടർന്നും
വേരുകളാഴ്ത്തിയും
അവരെ തളർത്തിയതും,
പൂത്തും കായ്ച്ചും പഴുപ്പേറിയും
നില തെറ്റിച്ചതും,
വേദനകളുടെ വേനൽച്ചൂടുകൾ
അവർ നട്ട പച്ചപ്പുകളെ
കരിച്ചുണക്കിയതും,
അവരപ്പോഴും ചിരിച്ചതും,
ഇത്തിരി നേരത്തേയ്ക്ക്
ഓർത്തു നിൽക്കുക മാത്രം ചെയ്തു..
ഓർമ്മകളിലൊരു ചെറിമരം
രാത്രി മുഴുവനും
ചില്ലകളാട്ടി നിന്നു..
ചില മനുഷ്യരെ നമ്മളിങ്ങനെ
ചിലതിനോട് മാത്രം
ചേർത്ത് വെയ്ക്കും..
ചിലത് കാണുമ്പഴൊക്കെയും
നമ്മൾ ചില മനുഷ്യരെ
ഓർത്തെടുക്കും..
ഒരാളെ ഓർത്തു വെയ്ക്കുകയെന്നാൽ
എന്തിനോടൊക്കെയോ
ചേർത്തു വെയ്ക്കുക
എന്നതും കൂടിയായിരിയ്ക്കുമല്ലേ...
ഓർമകളിലേയ്ക്ക് നാം
പണിതു വെയ്ക്കുന്ന
എളുപ്പവഴികൾ..
ചിലരെന്നാൽ
ചിലതായി മാറുന്നതിന്
വേറെന്താണ്
കാരണങ്ങളായുണ്ടായിരിക്കുക...
©shilpaprasanth_ -
നീയിപ്പോൾ
കായലിനക്കരെ,
ചെരിഞ്ഞു വീഴുന്ന
വെയിൽച്ചീളുകൾ നോക്കി
കവിതകൾ നെയ്യുകയായിരിയ്ക്കും..
ഞാനോ..
ഇക്കരെ
പാതിയും തുറന്നിട്ട വാതിലിനപ്പുറം
പടർന്നു പന്തലിച്ച
ലക്ഷ്മിതരുച്ചില്ലകളിൽ
മഞ്ഞു വീഴുന്നതും നോക്കി
വെറുതേ വെറുതേയിങ്ങനെ..
എഴുതിത്തീരുമ്പോൾ,
നിന്റെ വരികളുടെ
വെയിൽച്ചൂടിൽ
എന്റെ മഞ്ഞുകാലങ്ങൾ
ഉരുകി ഒലിയ്ക്കും..
നമുക്കിടയിലൊരു
പ്രളയകാലം
മുറിച്ചു നീന്തുവാനാവാത്ത
ജലപ്പാളിയാലൊരു
മതിൽ തീർത്തു വെയ്ക്കും..
പരസ്പരം കാണാതെ
പരസ്പരമോർമ്മിച്ച്
രണ്ടു വൈരുധ്യങ്ങളായി
നാം
എനിയ്ക്കും നിനക്കുമെന്ന്
കവിതകൾ
തുന്നിക്കൊണ്ടേയിരിയ്ക്കും...
©shilpaprasanth_ -
ഒറ്റയാവുന്നു...
എന്തിനെന്നറിയാതെ
ഒരു കുഞ്ഞു നോവു വന്നുള്ളം
തൊട്ടു തൊട്ടു നിൽക്കുന്നു..
പതിയവേ
ഞാനൊരു പക്ഷിയാവുന്നു..
വെളിച്ചങ്ങളൊക്കെയും
അടച്ചു കൊളുത്തിട്ട്,
അരിച്ചിറങ്ങുന്ന
ഇരുട്ടിൻ തണുപ്പത്ത്,
പൊഴിഞ്ഞു പോയൊരു
തൂവലോർമ്മകളിൽ
സ്വയം പിടഞ്ഞേതോ
വിഷാദ മുട്ടകൾക്കടയിരിയ്ക്കുന്നു..
വിരിഞ്ഞിറങ്ങുന്ന
കിളിക്കുറുകലുകളുടെ
പതുത്ത തൂവലുകൾ
സ്വപ്നപ്പെടാതെ,
കരളു കൊത്തുന്ന
കൊക്കുകളുടെ മൂർച്ചകൾ
ദുഃസ്വപ്നം
കണ്ടുറങ്ങാതിരിയ്ക്കുന്നു..
എനിയ്ക്കെന്നെ നഷ്ടമാവുന്നു..
ഞാനൊറ്റയാവുന്നു..
©shilpaprasanth_ -
ഇന്നലെ നിങ്ങളെന്നോട്
ക്ഷോഭിച്ചിരുന്നുവല്ലേ...
ഞാനറിഞ്ഞിരുന്നില്ല.
ഞാനപ്പോൾ
കടലു കാണുന്ന സായന്തനങ്ങളെ
ഓർക്കുകയായിരുന്നു..
എനിയ്ക്ക് നൊന്തതേയില്ലല്ലോ...
പിന്നെയും
നിങ്ങളെന്തിനാണിങ്ങനെ
ക്ഷമയിരക്കുന്നത്..
ഇത് പതിവില്ലാത്തതാണല്ലോ..
മുടിയിഴ ചുഴറ്റി വലിച്ചിരുന്നെന്നോ...
ഇല്ലില്ല...
തണുത്ത കടൽക്കാറ്റ്
ഉമ്മകൾ വെച്ചുലച്ചതായിരുന്നില്ലേ...
വേദനപ്പെട്ട് കരഞ്ഞതല്ലെന്നേ...
അസ്തമയങ്ങളെ കണ്ടിരിയ്ക്കുമ്പോൾ
ഞാനൊരു കടലായി മാറുമെന്നും
ഉള്ളിലെ തിരമാലകൾ
കണ്ണുകളിൽ
വന്നെത്തി നോക്കാറുണ്ടെന്നും
നിങ്ങളറിയാതെ പോയിട്ടല്ലേ...
വെറുപ്പിന്റെ കൈത്തള്ളലിൽ
വേച്ചു വീണതല്ലല്ലോ..
തിരകളെപ്പഴും പറയുന്ന
കടലാഴങ്ങളുടെ കഥകളിൽ
വശ്യതപ്പെട്ടു ഞാൻ
സ്വയമിറങ്ങിപ്പോയതാണല്ലോ..
തൊണ്ടക്കുഴിയിലമർത്തിപ്പിടിച്ചെന്നെ
ശ്വാസം മുട്ടിച്ചെന്നോ...
എന്നിലൊരു വിയർപ്പിന്റെ പുഴ
ഉറവകൊണ്ടൊഴുകി നിറഞ്ഞെന്നോ...
എന്തൊരു തമാശയാണിത്...
ഞാനപ്പോൾ സ്വർണമീനുകൾക്കൊപ്പം
നീന്തുകയായിരുന്നില്ലേ...
പവിഴപ്പുറ്റുകളിൽ തൊട്ടു തലോടി,
മുത്തുച്ചിപ്പികളെ ചുംബിച്ചുണർത്തി
അത്രമേൽ സ്വച്ഛമായ്
ഒഴുകി അലയുകയായിരുന്നില്ലേ..
കണ്ണുകൾ തുറക്കാത്തതെന്താണെന്നോ..
കയറി വരാത്തതെന്താണെന്നോ..
ഞാനിത്തിരി നേരം കൂടിയീ
കടലിന്റെ മടിത്തട്ടിൽ,
നനുത്ത ഇളം ചൂടിൽ,
കണ്ണുകളടച്ച്..
ഭാരങ്ങളില്ലാതെ..
വേദനകളില്ലാതെ..
ദുസ്വപ്നങ്ങളേതുമില്ലാതെ..
ഓളങ്ങളുടെ തൊട്ടിൽത്താരാട്ടിൽ
മതിമറന്നൊന്നുറങ്ങിയെഴുന്നേൽക്കട്ടെ...
©shilpaprasanth_ -
സഖീ...
എനിയ്ക്കൊന്നടുത്തിരിയ്ക്കണം.
ഒരുമിച്ചൊരു നിലാവ് കാണണം.
എന്തെങ്കിലും പറയൂവെന്ന് നീ
പറഞ്ഞു തീരുമ്പഴേയ്ക്കും
കൊടും തണുപ്പിന്റെ
ശൈത്യ രാത്രികളിലേയ്ക്ക്
പുതപ്പുകളില്ലാതെ
ഉപേക്ഷിയ്ക്കപ്പെടുന്നൊരുവളുടെ
കഥ പറയണം..
ഒന്നു കരയണം..
ഒന്നും പറയാതെ നീയെന്റെ
കയ്യൊന്നമർത്തി പിടിയ്ക്കുമായിരിയ്ക്കും..
ഒരുപാട് നേരത്തേയ്ക്കെന്നെ നീ നിന്നോട്
ചേർത്ത് നിർത്തുമായിരിയ്ക്കും..
അകലെയല്ലാതേതോ
മഞ്ഞു താഴ്വരകളിൽ
പൊടുന്നനേ
രണ്ടു വയലറ്റ് പൂവുകൾ
വിരിഞ്ഞു നിന്നേക്കാം..
നമ്മൾ ചിരിച്ചേക്കാം...
സഖീ..
എനിയ്ക്കൊന്നടുത്തിരിയ്ക്കണം..
എന്റെ നെഞ്ചിലെ കനലിലൊരു
പുഴയൊഴുക്കണം..
©shilpaprasanth_ -
ഇന്ന് പിന്നെയും മഴ പെയ്തു..
നനുത്ത വെയിൽനാളങ്ങൾക്കിടയിലൂടെ
ചാഞ്ഞും ചെരിഞ്ഞും
ഒരുപാട് നേരം...
കുറുക്കന്റെ കല്യാണമെന്നാരോ
കളിചിരിയ്ക്കുന്നു..
ഇടയിലൊരു നെടുവീർപ്പ്
പറയാതെ പറയുന്നുണ്ട്..
പെയ്യട്ടെ..
നമുക്കറിയാത്തതല്ലല്ലോ..
ഉള്ളിലെ മഴക്കരച്ചിലുകളെത്രയോ വട്ടം
നമ്മൾ
നിറഞ്ഞ വെയിൽച്ചിരികളിൽ
മറച്ചിരിയ്ക്കുന്നു...
©shilpaprasanth_ -
പാലിയ്ക്കാൻ കഴിയുമെന്നുറപ്പില്ലെങ്കിൽ
നിങ്ങളൊരിയ്ക്കലുമൊരാൾക്കും
സ്നേഹിയ്ക്കാമെന്ന്
വാക്ക് നൽകരുത്.
ഈ നിമിഷത്തിനപ്പുറം,
ഈ രാത്രിയ്ക്കുമപ്പുറം,
ദാ... ഈ മഴയൊന്ന്
പെയ്തു തോരുന്നതിനപ്പുറം,
നിങ്ങളൊരു കാറ്റു പോലവരിൽ
പടർന്നേക്കുമെന്നും..
ഉള്ളിലെ
നോവിന്റെ ഇലകളെയൊക്കെയും
ഉതിർത്തിട്ടേയ്ക്കുമെന്നും..
ചേർത്ത് പിടിച്ചേയ്ക്കുമെന്നുമവർ
ഓർത്തോർത്തിരിയ്ക്കും.
ഒരിയ്ക്കലെന്നെങ്കിലും
സ്നേഹിയ്ക്കപ്പെടുമെന്നും,
വസന്തകാലം പോലെ
നിറഞ്ഞു പൂക്കാമെന്നും,
ഒരിത്തിരിത്തേനിന്റെ മധുരത്തിൽ,
ജീവിതമത്രമേൽ
സുന്ദരമായിരിയ്ക്കാമെന്നും,
എപ്പോഴുമെപ്പോഴും
സ്വപ്നപ്പെട്ടേയവർ,
നിങ്ങളാലൊരിയ്ക്കൽ പോലും
സ്നേഹിയ്ക്കപ്പെടാതെ
മരിച്ചു പോവും...
പ്രിയപ്പെട്ട മനുഷ്യരേ..
പാലിയ്ക്കാൻ കഴിയുമെന്നുറപ്പില്ലെങ്കിൽ
സ്നേഹിയ്ക്കാമെന്ന് നിങ്ങൾ
വാക്ക് നൽകരുത്..
©shilpaprasanth_
-
nithyaji 49w
ഉറക്കം കളവുപോയ രാത്രികളിൽ
നീ കടം തന്ന കവിതകളൊക്കെയും
കേടുകൂടാതെ ഞാൻ മടക്കി തന്നിട്ടുണ്ട്.
അതിൽ നീയൊളിപ്പിച്ച കിനാവുകളിൽ
ഒന്നുപോലും ഞാൻ കട്ടെടുത്തിട്ടില്ല,
മൗനങ്ങളെ തൊട്ടുനോവിച്ചിട്ടില്ല.
എന്നിട്ടും,
നിന്റെ വരികളുടെ മഴത്തണുപ്പ് മാത്രം
ഇനിയുമിവിടെ ബാക്കിയാണ്.
©nithyaji -
shankarkrishnan 52w
ഓർമ്മകൾ ചിലന്തിവലകൾപോലെയാണ്.എത്ര തൂത്താലും
പിന്നെയും പിന്നെയും ഇരുട്ട് പിടിച്ച കോണുകളിൽ പുനർജനിക്കുന്നവ..
ശരിക്കും നേർത്തതെങ്കിലും വളരെ സങ്കീർണമായത്..
അകപ്പെട്ടവന് ഒരു കെണിയാണെങ്കിലും
വഴിയറിയുന്നവന് ഒരുതരം ഹരം..
എന്നെയും നിന്നെയും മൂടുന്ന ഓർമ്മയുടെ നേർത്ത ചിലന്തിവലകൾ !!
©shankarkrishnan -
✨✨
കണ്ടുമുട്ടാത്തവർ
അയാൾ പറയുകയാണ്.....
നിങ്ങൾക്കറിയുമോ.....?
ജീവിതത്തിൽ ഇനിയും കണ്ടുമുട്ടാത്ത മനുഷ്യരെക്കുറിച്ചാണിപ്പോൾ
എന്റെ ചിന്തയത്രയും!!!
ദൂരവും സമയവും താണ്ടി ചെല്ലുമ്പോഴേയ്ക്കും
കാലം അവരെ അപഹരിച്ചേക്കുമോയെന്നു
തോന്നിപ്പോകുന്നു.
ഉപേക്ഷിച്ചുപോയ മനുഷ്യരോടൊപ്പം തന്നെ ഇനിയും കണ്ടുമുട്ടാത്ത മനുഷ്യരെയോർത്തും നഷ്ടബോധമുണ്ടാകുന്നു.
അവരുടെ ആഹ്ലാദങ്ങളിൽ പങ്കുചേരാനാകാത്തതിന്,
നോവുനേരങ്ങളിൽ അവരെ കേൾക്കാനൊക്കാത്തതിന്,
കലഹിച്ചും,പിണങ്ങിയും,
വൈരുദ്ധ്യങ്ങളിലും സൗഹൃദം മുറിയാതെ
കാക്കാനാകുമോയെന്നോർത്ത് വ്യഗ്രതപ്പെടുന്നു.
കാഴ്ചയിൽ അവരെങ്ങനെയായിരിക്കുമെന്നത്
എന്നെയിപ്പോൾ ആകുലപ്പെടുത്തുന്നതേയില്ല.
എങ്ങനെയായാലെന്ത്!!!
അങ്ങനെ കാക്കത്തൊള്ളായിരം മനുഷ്യരുടെ കാക്കത്തൊള്ളായിരം കഥകളറിയണമെന്നുണ്ട്.
പറഞ്ഞ്, പറഞ്ഞ് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്....
ഇനിയിപ്പോ അവരിലാരെങ്കിലുമൊക്കെ
എത്തുമ്പോഴേയ്ക്കും,
താൻ ഒടുങ്ങിത്തീരുമോയെന്ന് അയാൾ വല്ലാതെ ഭയപ്പെടുന്നുണ്ടത്രേ.
അങ്ങനെയൊന്നും കരുതേണ്ടെന്നു ഞാൻ സമാധാനിപ്പിച്ചു.
കള്ളമാണ്.....പച്ചക്കള്ളം.
അയാൾക്കിനിയൊരു പകലുകൂടിയേയുള്ളൂ.
ഒരുപക്ഷേ
അത് അറിയുമായിരിക്കും അയാൾക്ക്.
എനിക്ക് എന്തുകൊണ്ടോ പറയാൻ തോന്നിയില്ല.
തിരിച്ചിറങ്ങിനടക്കുമ്പോൾ മനസ്സുമുഴുവൻ അയാളായിരുന്നു,
ജീവിതത്തിൽ ഇനിയും കണ്ടുമുട്ടാത്ത
ഇങ്ങനെയെത്രയോ മനുഷ്യരുണ്ടാകുമെന്ന ചിന്തയായിരുന്നു!!!
©_ottathuruth_ -
❤...
ലോകത്ത് ഇത്രമാത്രം കവിതകൾ പിറക്കുന്നത് എന്ത്
കൊണ്ടാണെന്നറിയാമോ.?
ഒരാളോട്
മാത്രം പറയാനുള്ളത്
അയാൾ
കേൾക്കാതാവുമ്പോൾ ചിലത്
ലോകത്തോട് പറയുന്നതാണ്. -
©neethi_athi
-
ആത്മാവിൽ നിന്ന്
ഊർന്നു പോയതെല്ലാം
ഉടലുചേർത്തു
വീണ്ടെടുക്കാനാവില്ലെന്ന തിരിച്ചറിവിലും
ചിതലരിച്ച കഴുക്കോലിൽ
പല്ലികളെപ്പോലെ അള്ളിപിടിച്ചിരുന്ന്
ഇണചേർന്ന ബന്ധങ്ങൾ.
ഒരുമിച്ചു ഭക്ഷിച്ചൊരു വിഷക്കായ
സമ്മാനിച്ച അന്ധതയിൽ
ഭൂമിയിലെ പച്ചപ്പും,
നീലാകാശവും, നീല കടലും
പതാളത്തിലേക്കാഴ്ന്നു പോയിരുന്നു.
അവശേഷിച്ചത് മൗനം.
നിറഞ്ഞ ഇരുട്ടിലും
നമ്മളുണ്ടെന്നു മന്ത്രിച്ച മൗനം.
©lovelyputhezhath -
ajith___ 59w
ഇരുട്ടിൽ,
ഞാൻ
നിനക്ക്
നൽകുന്ന
ഒരു നിറമുണ്ട്....
കറുത്തവാവിൽ,
കവര്
പൂത്തു
പടർത്തുന്ന
തണുത്ത
നീലനിറം!!! -
മഴ പോലെ പെയ്തു പോവാതെ
വേരുറച്ച് നിന്നു പോയവരാണ് ചിലർ!
ഋതുഭേങ്ങളിലൂടെ അനായാസം ഒഴുകി നീങ്ങുന്ന പച്ച മനുഷ്യർ!
©devikasethumadhavan -
gupthan 60w
കൈകൾ നീട്ടി ചേർത്തെടുത്ത
അഴകളവുകൾ.....
നാവിൻ തുമ്പു നീട്ടി വലിക്കും
നൂലോർമ്മകൾ....!
.
മുൻപോട്ടു ആഞ്ഞാഞ്ഞാടി പൊഴിച്ച
നെടുവീർപ്പുകൾ....
ഉടലുടുപ്പുകൾ തമ്മിൽ തുന്നും
കുടുക്ക് ചുണ്ടുകൾ..
പൊട്ടിച്ചാലല്ലാതെ പരസ്പരം വിട്ടു മാറാതെ കെട്ടിപിടിച്ചിരിക്കുമിഴകൾ ....!
#malayalam #മലയാളം©gupthan
-
അവളൊരു ഉറക്ക ഗുളികയാണെന്ന്.....
ചിലദിനം ചവച്ചരച്ചു അലിഞ്ഞു ചേർന്ന്
സ്വയം കയ്പു ചുവയ്ക്കുമ്പോൾ
ഉറക്കമില്ലായ്മയുടെ പടുകുഴിയിലേക്ക്
അയാൾ നീട്ടി തുപ്പിയ വെളുത്ത ഗുളിക...
ചിലനാൾ ലഹരി വെള്ളം കൂട്ടി
തൊണ്ട തൊടാതെ വിഴുങ്ങി
ചർദ്ദിച്ച് എച്ചിലായി
തറയിലെ തണുപ്പിൽ ഉറുമ്പരിച്ച്...
വീണ്ടും ഉറക്കമില്ലാത്ത രാത്രികളിൽ
അയാളുടെ വിരൽതുമ്പു
പരതിയെടുത്ത ഉറക്ക ഗുളിക......
കട്ടിൽ തലക്കലൊരു ചില്ലു കുപ്പിയിൽ
അയാൾ വെയിലു തട്ടാതടച്ചു വെച്ച
നിറമില്ലാ ഗുളിക....
©lovelyputhezhath
